സര്‍ഗ്ഗം-6.വൃത്തം, കാകളി

വൃത്തവൃത്താന്തം. സര്‍ഗ്ഗം-6.വൃത്തം
==============================
പ്രിയരേ,നിങ്ങള്‍ക്കേവര്‍ക്കും നമസ്കാരം. വൃത്തശാസ്ത്രം പരിചയപ്പെടുത്തുന്ന ഈ പംക്തി എല്ലാവരും സഹര്‍ഷം സ്വാഗതം ചെയ്തതില്‍ സന്തോഷമുണ്ട്. അദ്ധ്യാപകനും വിദ്യാര്‍ത്ഥികളുമെന്നല്ലാതെ ഒപ്പമിരുന്നും തോളോടുതോള്‍ ചേര്‍ന്നുനടന്നും ആശയവിനിമയം നടത്തുന്ന ഈ രീതി പ്രിയപ്പെട്ട വായനപ്പുരനിവാസികള്‍ ഭംഗിയായി പ്രാവര്‍ത്തികമാക്കുന്നതിനു തയ്യാറായതിലും വായനപ്പുരയ്ക്കുള്ള സന്തോഷവും കൃതജ്ഞതയും പറഞ്ഞറിയിക്കാവതല്ല . കഴിഞ്ഞസര്‍ഗ്ഗങ്ങളില്‍ പ്രിയപ്പെട്ടവര്‍ അറിവുപങ്കുവയ്ക്കാന്‍ മുന്നോട്ടുവന്നത് എല്ലാവരുടെയും പങ്കാളിത്തത്തോടെയുള്ള ഈ പരിപാടിയുടെ വിജയമാണ് കുറിക്കുന്നത് .
അവിചാരിതമായ ചിലകാരണങ്ങളാല്‍ ഇടയ്ക്ക് ഒരിടവേള വേണ്ടിവന്നതില്‍ ഖേദിക്കുന്നു. മുമ്പു നടന്നിരുന്നതുപോലെത്തന്നെ ഇവിടെയുള്ളത് എടുക്കുകയും ഇവിടെയില്ലാത്തത് കൈയിലുള്ളവര്‍ ഇവിടെ എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് ഒറ്റക്കെട്ടായി നമുക്കു മുന്നേറാം. വിഷയത്തിലധിഷ്ഠിതമായ എന്തുസംശയവും ഉന്നയിക്കാം. സംശയങ്ങള്‍ ദൂരീകരിച്ചുകൊണ്ടേ മുന്നേറാവൂ. ഒരു വിഷയത്തില്‍ അറിവുകുറവാണെന്നതോ പഠിച്ചതൊന്നും ഓര്‍മ്മയില്ലെന്നതോ അപമാനകരമായ അവസ്ഥയല്ല . സംശയമുണ്ടെങ്കില്‍ അതു ദൂരീകരിക്കണം. അതിനുസഹായിക്കുന്ന ആരോടും സഹായമഭ്യര്‍ത്ഥിക്കാം. ഇവിടെ ഓരോ സര്‍ഗ്ഗത്തിലും വിവരിക്കുന്ന കാര്യങ്ങള്‍ സശ്രദ്ധം വായിച്ചുമനസ്സിലാക്കിയും സംശയങ്ങള്‍ എല്ലാം ദൂരീകരിച്ചും നമുക്കു മുന്നേറാം. ഒന്നും അറിയില്ലെന്നും ഇനിയൊന്നും തലയില്‍ക്കയറില്ലെന്നുമുള്ള ബാലിശചിന്തകള്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കാം. അറിവുനേടാനുള്ള യജ്ഞത്തില്‍ നമുക്കു പങ്കുകൊള്ളാം. വൃത്തത്തെക്കുറിച്ചറിവുള്ളവര്‍ ഇവിടെ ധാരാളമുണ്ട്. വിവരണത്തില്‍ വരുന്ന അപാകങ്ങള്‍ പരിഹരിച്ചും പോരായ്മകള്‍ നികത്തിയും മറ്റുള്ളവര്‍ക്കുവരുന്ന സംശയങ്ങള്‍ തീര്‍ത്തുകൊടുത്തും ഈ ചര്‍ച്ച നയിക്കാന്‍ അവരും ഒപ്പം കൂടുക . നിങ്ങളുടെ സമ്പൂര്‍ണ്ണസഹകരണം പ്രതീക്ഷിച്ചുകൊണ്ട് സസ്നേഹം .......


കഴിഞ്ഞഭാഗങ്ങളില്‍ ഗണമെന്താണെന്ന് നമ്മള്‍ മനസ്സിലാക്കിക്കഴിഞ്ഞു .  ഇനി നമുക്ക് വൃത്തത്തിലേക്കു പ്രവേശിക്കാം . ഒരു വരിയില്‍ നിശ്ചിതഎണ്ണം അക്ഷരങ്ങള്‍ ലഘുഗുരുക്കളുടെ പ്രത്യേകക്രമത്തില്‍ വരുന്ന രീതിയാണ് വൃത്തക്രമം. ആലപിക്കാനുള്ള സൌകര്യമാണ് ഇതിന്‍റെ പ്രത്യേകത. ഭാവം നിറഞ്ഞുനില്ക്കുന്ന വരികള്‍ ആയിരിക്കുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. വൃത്തം പദ്യത്തിനു കൊടുക്കുന്ന താളാത്മകത അതിനെ ശ്രവണസുന്ദരമാക്കുന്നു. വൃത്തം രണ്ടുതരത്തിലുണ്ട്.
1. വര്‍ണ്ണവൃത്തം
2.
മാത്രാവൃത്തം.
ഒരു പാദത്തില്‍ ഇത്ര വര്‍ണ്ണങ്ങള്‍ (അക്ഷരങ്ങള്‍ ‍) വേണമെന്നു നിബന്ധനയുള്ളവയെ വര്‍ണ്ണവൃത്തമെന്നും ഇത്ര മാത്രവേണമെന്നു നിബന്ധനയുള്ളവയെ മാത്രാവൃത്തമെന്നും പറയുന്നു. കര്‍ശനമായ ഗണനിയമങ്ങള്‍ പാലിക്കേണ്ടവയാണ് സംസ്കൃതവൃത്തങ്ങള്‍. സംസ്കൃതവൃത്തത്തിന്‍റെ കാര്യത്തിലെന്നപോലെയുള്ള കര്‍ശനനിയമങ്ങള്‍ ഭാഷാവൃത്തങ്ങള്‍ക്കില്ല . ആലപിക്കാനുള്ള സൌകര്യമാണ് മുഖ്യം. ഇവിടെ ലഘുഗുരുക്കളേക്കാള്‍ മാത്രയ്ക്കാണ് പ്രധാന്യമെന്നതിനാല്‍ ലഘുക്കളെ നീട്ടിപ്പാടി ഗുരുക്കളാകാറുണ്ട് . മാത്രയെക്കുറിച്ച് നമ്മള്‍ മുന്‍പ് പഠിച്ചിട്ടുണ്ടല്ലോ . ഭാഷാവൃത്തങ്ങളുടെ മാതാവെന്നു വിളിക്കപ്പെടുന്ന കാകളിവൃത്തത്തെക്കുറിച്ചാകാം നമ്മുടെ ഇന്നത്തെ ചര്‍ച്ച.
കാകളിവൃത്തം
=========
മൂന്ന് അക്ഷരത്തില്‍ അഞ്ച് മാത്രവരുന്ന എട്ട് ഗണങ്ങള്‍ അടങ്ങിയതാണ് കാകളിയുടെ ഈരടി . അതായത് രണ്ട് ഗുരുവും ഒരു ലഘുവും അടങ്ങുന്നതാകണം ഒരു ഗണം . അങ്ങനെ എട്ട് ഗണങ്ങള്‍ ചേര്‍ന്നതാണ് കാകളിയുടെ ഈരടി ( രണ്ട് വരി ).
. ആര്‍ . രാജരാജവര്‍മ്മയുടെ വൃത്തമഞ്ജരിയില്‍ കാകളിയുടെ ലക്ഷണം ഇങ്ങനെ കൊടുത്തിരിക്കുന്നു .
"മാത്രയഞ്ചക്ഷരം മൂന്നില്‍ വരുന്നോരുഗണങ്ങളെ
എട്ടുചേര്‍ത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നുപേര്‍ "
അതായത് രഗണം, തഗണം , യഗണം എന്നിവയില്‍ ഏതെങ്കിലും ഗണങ്ങള്‍ എട്ടെണ്ണം ചേര്‍ന്നാല്‍ കാകളിയാകും. മഗണം സര്‍വ്വഗുരുവായതിനാല്‍ ആറ് മാത്രയുള്ളതുകൊണ്ട് കാകളിയില്‍ അതുപയോഗിക്കാറില്ല . ദീര്‍ഗ്ഘാക്ഷരങ്ങള്‍ ചുരുക്കി ഹ്രസ്വങ്ങളാക്കുക പതിവില്ല. നഗണം സര്‍വ്വഗുരുവായതിനാല്‍ അതില്‍ മൂന്നുമാത്രയേയുള്ളു. ഭഗണം, ജഗണം, സഗണം എന്നിവ രണ്ടുലഘുക്കളും ഒരു ഗുരുവുമടങ്ങുന്നവയായതിനാല്‍ നാലുമാത്രവീതമുള്ള ഗണങ്ങളാണ് . എന്നാല്‍ ലഘുക്കളെ നീട്ടിപ്പാടി ഗുരുക്കളാക്കാമെന്നതിനാല്‍ നഗണം, ഭഗണം, ജഗണം, സഗണം എന്നിവ കാകളിയില്‍ ഉപയോഗിക്കാം . അതായത് മഗണമൊഴിച്ച് ഏതുഗണവും കാകളിയില്‍ വരാം. ഓരോ പാദവും തുടങ്ങുന്നത് ഗുരുകൊണ്ടായിരിക്കണം .

നിയമം ഇങ്ങനെയൊക്കെയാണെങ്കിലും ലഘുവിനെ നീട്ടിപ്പാടി ഗുരുവാക്കുന്നത് പലപ്പോഴും അഭംഗിയുണ്ടാക്കാറുണ്ട്. അതുകൊണ്ട് അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഭാഷാവൃത്തങ്ങള്‍ക്ക് ഗണനിബന്ധനയില്ലെങ്കിലും കാകളിവൃത്തത്തിനേറ്റവും ഭംഗി വരുന്നത് എല്ലാം രഗണം വരുമ്പോഴാണ് .
ഉദാ:
" ശാരികപ്പൈതലേ ചാരുശീലേവരികാരോമലേ കഥാശേഷവും ചൊല്ലുനീ "
ശാരിക / പ്പൈതലേ /ചാരുശീ / ലേവരി /
കാരോമ / ലേ കഥാ / ശേഷവും / ചൊല്ലുനീ
ഇതില്‍ രണ്ടാമത്തെ വരിയിലെ ആദ്യത്തെ ഗണം തഗണം വരുന്നു . മറ്റെല്ലാം രഗണമാണ്.
രഗണം കഴിഞ്ഞാല്‍ തഗണത്തിനാണ് കാകളിയില്‍ സ്ഥാനം. അതുകഴിഞ്ഞാല്‍ യഗണം . ഇങ്ങനെ മാത്രമേ വരാന്‍ പാടുള്ളുവെന്നില്ല , പക്ഷേ ഇങ്ങനെയെല്ലാം വരുമ്പോഴാണ് കാകളിയ്ക്ക് ഭംഗിയുണ്ടാകുന്നത്.
വൃത്തത്തിന്‍റെ നിയമത്തില്‍ ഓര്‍മ്മിക്കേണ്ടതായി രണ്ടുകാര്യങ്ങളേയുള്ളു .
1)ഒരു ഗണത്തില്‍ അഞ്ച് മാത്ര വരുന്ന മൂന്നക്ഷരം ആണ് വേണ്ടത് . അങ്ങനെ നാല് ഗണം ഒരു വരി .
2)ഓരോ വരിയും ഗുരുകൊണ്ട് തുടങ്ങണം.
കൂടുതല്‍ ഉദാഹരണങ്ങള്‍ :
1.
എന്മനോവീണതന്‍ തന്ത്രി മുറുക്കി ഞാന്‍
സപ്തസ്വരങ്ങളാല്‍ ഗാനമുതിര്‍ക്കവേ
ഹിന്ദോളരാഗത്തിനോളങ്ങളില്‍ എന്‍റെ
വീണയില്‍ വന്ന മധുരസംഗീതമേ
ഇതില്‍ അവസാനത്തെ വരി ശ്രദ്ധിക്കുക .
വീണയില്‍ / വന്ന മ / ധുരസം / ഗീതമേ - 'വന്ന ' എന്നുനീട്ടി ഗുരുവാക്കുന്നു . മധുരസംഗീതമേ എന്നതില്‍ പാടുമ്പോള്‍ 'ധു' എന്ന ലഘു നീട്ടി മധൂരസംഗീതമേ എന്നാകും . ലഘുക്കളെ പാടിനീട്ടുന്നതിനുള്ള ഉദാഹരണങ്ങളാണിവ .
2.
ശ്രീകോവിലിന്‍ നട മെല്ലേ തുറക്കവേ
ക്ഷേത്രമെങ്ങും മണി നാദം മുഴങ്ങവേ
സോപാനസംഗീതമോടെയിടയ്ക്കയില്‍
മദ്ധ്യമാദിക്കൊത്തു താളം മുഴങ്ങവേ
അഞ്ജലി കൂപ്പി നില്ക്കും മനോമോഹിനി
മറ്റൊരു രാധയായ് നില്ക്കുന്നു നീ സഖി .
3.
എങ്ങു നീയെങ്ങു നീ മര്‍ത്ത്യന്നു നേര്‍വഴി
യേകിടും ദിവ്യപ്രകാശമേയെങ്ങു നീ
കെട്ടുപോയിട്ടില്ലയിന്നുമാ ജ്യോതിയെ-
ന്നാശിപ്പുവെന്‍ മനമെങ്ങൊളിക്കുന്നു നീ
4.
ഇന്നുമോര്‍ക്കുന്നുഞാന്‍ ബാല്യകാലത്തിലെ-
യേറ്റം രസകരമാ നിമിഷങ്ങളെ.
പൂക്കളം തീര്‍ക്കുവാന്‍ തുമ്പയിറുക്കുവാന്‍
പാടവരമ്പിലൂടന്നു നാം പോയതും.
കുണ്ടനിടവഴി താണ്ടിയ നേരത്തു
ചെമ്പരത്തിപ്പൂ ചിരിപ്പതു കണ്ടതും
"ഞാന്‍ തന്നെയാണിറുക്കേണ്ടതാ പൂക്കളി-
തെന്നേ തലയിലിരുത്തണമിപ്പൊഴേ"
എന്നു നീ ചൊല്ലവേ നിന്നെയെടുത്തു ഞാന്‍
വച്ചു തലയില്‍, നീ യിന്നതോര്‍ക്കുന്നുവോ ?
5.
നമ്മളൊന്നായ് പല കാലം കഴിഞ്ഞതില്‍
ഞാനെന്തുചെയ്തുവഹിതമായ് ഭാരതീ.
വാക്കൊന്നുപോലും പറയാതെയെന്തിനാ -
യെന്നില്‍നിന്നുമൊരുനാള്‍നീയൊഴിഞ്ഞുപോയ്
ഛായയായെന്നുടെയൊപ്പം നടക്കിലും
പൂജിച്ചു നിന്നെ ഞാനെന്നെന്നും ദേവിയായ്
എന്‍ജിഹ്വയായെന്‍റെ കൂടെ നടന്ന നീ
മൂകനായെന്നെയും മാറ്റിയതെന്തിനോ ?

മുന്‍പറഞ്ഞ ഉദാഹരണങ്ങള്‍ നന്നായി വായിച്ച് വൃത്തഭംഗമുണ്ടെങ്കില്‍ കണ്ടെത്തുമല്ലോ. ഇനി കാകളിയില്‍ ഈരടി രചിച്ചുതുടങ്ങുകയല്ലേ!
എല്ലാവര്‍ക്കും നന്മനേരുന്നു.

Comments

  1. നഗണം സര്‍വ്വഗുരുവായതിനാല്‍ അതില്‍ മൂന്നുമാത്രയേയുള്ളു...
    സർവലഘു അല്ലേ?

    ReplyDelete

Post a Comment

Popular posts from this blog

സര്‍ഗ്ഗം-7.കളകാഞ്ചി .

15. താരാട്ടുവൃത്തം.