10. മഞ്ജരി


വൃത്തവൃത്താന്തം . സര്‍ഗ്ഗം. 10. മഞ്ജരി
===========================
കാകളിയില്‍നിന്ന് അനേകം വൃത്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവയെക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. കാകളിവൃത്തത്തില്‍ മൂന്നക്ഷരത്തില്‍ അഞ്ചുമാത്രവരണമെന്ന് നമ്മള്‍ മനസ്സിലാക്കി . ലഘുക്കള്‍ നീട്ടിപ്പാടാവുന്നതുകൊണ്ട് മൂന്നുമാത്രയോ നാലുമാത്രയോ വന്നാലും അത് നീട്ടിപ്പാടി അഞ്ച് മാത്രയാക്കി കാകളിവൃത്തത്തിലുള്‍പ്പെടുത്താം . എന്നാല്‍ ഗുരു ചുരുക്കിപ്പാടാറില്ലെന്നതുകൊണ്ട് ആറുമാത്രവരുന്ന മഗണം കാകളിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല . കാകളിയില്‍ മഗണം വരുമ്പോള്‍ അത് ശ്ലഥകാകളിയാകും . അതായത് അഞ്ചുമാത്രയേ വരാന്‍ പാടുള്ളൂ എന്ന നിയമം തെറ്റിച്ച് വരുന്നത് ശ്ലഥകാകളി . ശ്ലഥകാകളിയുടെ രണ്ടുപാദത്തിനും അവസാനത്തെ ഒരക്ഷരം കുറഞ്ഞാല്‍ ദ്രുതകാകളിയാകും എന്നുനമ്മള്‍ മനസ്സിലാക്കിയിട്ടുണ്ടല്ലോ. ശ്ലഥകാകളിയില്‍നിന്നുണ്ടാകുന്ന മറ്റൊരു വൃത്തമാണ് മഞ്ജരി. ശ്ലഥകാകളിയില്‍ രണ്ടാമത്തെ വരിയില്‍ അവസാനത്തെ രണ്ടക്ഷരം കളഞ്ഞാല്‍ അത് മഞ്ജരിവൃത്തമാകും . ആദ്യത്തെ വരിയില്‍ 12 അക്ഷരവും രണ്ടാമത്തെ വരിയില്‍ 10 അക്ഷരവുമാണ് മഞ്ജരിയിലുണ്ടാകുക .
വൃത്തമഞ്ജരിയില്‍,
"
ശ്ലഥകാകളിവൃത്തത്തില്‍ രണ്ടാംപാദത്തിലന്ത്യമാം
രണ്ടക്ഷരം കുറഞ്ഞീടിലതു മഞ്ജരിയായിടും" എന്നു ലക്ഷണം കൊടുത്തിരിക്കുന്നു.
കൃഷ്ണഗാഥയുടെ വൃത്തം മഞ്ജരിയാണ്. അതുകൊണ്ട് മഞ്ജരിക്ക് ഗാഥ എന്നും പേരുണ്ട്. കവിതരചിക്കാന്‍ ഏറ്റവും എളുപ്പമുള്ള വൃത്തമാണിത് . ലഘുഗുരുനിയമങ്ങളൊന്നും കര്‍ശനമായി നോക്കിയില്ലെങ്കിലും ആദ്യത്തെ വരിയില്‍ 12 അക്ഷരവും രണ്ടാമത്തെ വരിയില്‍ 10 അക്ഷരവും വന്നാല്‍ അത് മഞ്ജരിവൃത്തത്തിലാകും. വരികള്‍ തുടങ്ങുന്നത് ഗുരുകൊണ്ടാകണം.
ഉദാ:
1.
ഇന്ദിര /തന്നുടെ /പുഞ്ചിരി /യായൊരു//
ചന്ദ്രിക /മെയ്യില്‍പ /രക്കയാ /ലെ
പാലാഴി /വെള്ളത്തില്‍ /മുങ്ങിനി /ന്നീടുന്ന//
നീലാഭ/മായൊരു /ശൈലം പോ/ലെ
മേവിനി/ന്നീടുന്ന /ദൈവതം /തന്നെ ഞാന്‍//
കൈവണ/ങ്ങീടുന്നേന്‍ /കാത്തുകൊള്‍/വാന്‍.
കീര്‍ത്തിയെ /വാഴ്ത്തുവാ/നോര്‍ത്തുനി/ന്നീടുമെ -//
ന്നാര്‍ത്തിയെ/ത്തീര്‍ത്തു തു/ണക്കേണ/മേ.
2.
സത്യസ/മത്വസ്വാ/തന്ത്ര്യസാ/ഹോദര്യ-
മാദിയാ/ണത്രേ നാം /ചൊല്ലും മ/ന്ത്രം.
വഞ്ചന/യുച്ചനീ/ചത്വമ/ടിമത്തം
പീഡന/മാദി പ്ര/വൃത്തിയി/ലും!
3.
ഈ പ്രപ/ഞ്ചത്തിങ്ക/ലോരോ ക/ണികയു -
മീശന്‍റെ /ചൈതന്യ/മൊന്നു മാ/ത്രം .
ജീവജാ/ലങ്ങള/തെല്ലാമേ/യീശന്‍റെ -
യംശങ്ങ/ളാണെന്ന/റിഞ്ഞുകൊള്‍/.
4.
ചൊല്ലാം വാ/യനപ്പു/രതന്നി/ലെത്തുവോര്‍
സാഹിത്യാ/രാധക/വൃന്ദംത/ന്നെ!
നല്ല ക/ഥകള്‍, /വിത,ലേ/ഖനങ്ങള്‍-
കൊണ്ടെത്ര /ധന്യരാ/കുന്നു ന/മ്മള്‍ .
5.
ഉത്തരകേരളം തന്നില്‍ വസിച്ചൊരു
സാത്ത്വികയോഷിത്തിന്നുള്ളംതന്നില്‍
കണ്ണനെക്കാണുവാന്‍ വാതാലയത്തിനു
തിണ്ണം ഗമിക്കുവാന്‍ മോഹമായി.
ഭക്തയാം സാദ്ധ്വിയോ കണ്ണനു നേദ്യമായ്
ഭക്തമതെന്നുമൊരുക്കിവെയ്ക്കും.ദീപം കൊളുത്തീടും സന്ധ്യകളിലെന്നാല്‍
ദീപം തെളിഞ്ഞീടും ഹൃത്തിന്നുള്ളില്‍.


കൃഷ്ണഗാഥയുടെ ഉത്ഭവത്തെക്കുറിച്ചുള്ള രസകരമായ കഥ എല്ലാവരും കേട്ടിരിക്കുമല്ലോ . ഇല്ലെങ്കില്‍ ഇതാ കേട്ടുകൊള്ളു.....
കോലത്തുരാജാവ് ഉദയവര്‍മ്മന്‍റെ സദസ്സിലെ ആസ്ഥാനകവിയായിരുന്നു ചെറുശ്ശേരി നമ്പൂതിരി . കവികളില്‍ സംസ്കൃതത്തിന്‍റെ സ്വാധീനം വളരെയധികമുണ്ടായിരുന്ന കാലത്ത്  ഭക്തിഫലിതംശൃംഗാരം എന്നീ ഭാവങ്ങള്‍ നിറഞ്ഞ മലയാളം കാവ്യങ്ങള്‍ എഴുതി പ്രശസ്തനായ കവിയാണദ്ദേഹം . രാജാവും ചെറുശ്ശേരിയും ചതുരംഗം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു . അടുത്ത മുറിയില്‍ ഇതുനോക്കിക്കൊണ്ട് കുട്ടിയെ തൊട്ടിലാട്ടുന്ന രാജ്ഞി . രാജാവ് തോല്കുമെന്ന ഘട്ടമായി. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോള്‍ റാണി താരാട്ടുപാടി കുട്ടിയെ ഉറക്കുന്നു .
ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു -
ന്തുന്തുന്തു ന്തുന്തുന്തൂ , ആളെയുന്തൂ .
രാജാവിന് സൂചന മനസ്സിലായി . കാലാളെ ഒരുകളം കയറ്റിവച്ചു . കളി ജയിക്കുകയും ചെയ്തു. അദ്ദേഹം ചെറുശ്ശേരിയോട് റാണി ചൊല്ലിയ താരാട്ടിന്‍റെ മട്ടില്‍ കാവ്യം രചിക്കാമോ എന്നുചോദിച്ചുവത്രേ . അതനുസരിച്ച് രചിച്ചതാണത്രേ കൃഷ്ണഗാഥ . കൃഷ്ണഗാഥ എഴുതാനുണ്ടായ സാഹചര്യം അതില്‍ ചെറുശ്ശേരി വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെത്തന്നെ വാക്കുകള്‍ ശ്രദ്ധിക്കുക.
.പാലാഴിമാതുതാന്‍ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവര്‍മ്മന്‍
ആജ്ഞയെചെയ്കയാലജ്ഞനായുള്ളഞാന്‍
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോള്‍
ദേവകീസൂനുവായ് മേവിനിന്നീടുന്ന
കേവലന്‍ തന്നുടെ ലീല ചൊല്‍വാന്‍
ആവതല്ലെങ്കിലുമാശതാന്‍ ചൊല്കയാല്‍
ആരംഭിച്ചീടുന്നേനായവണ്ണം".
കഥ കേട്ടുകഴിഞ്ഞല്ലോ . ഇനി മഞ്ജരിയില്‍ രചന തുടങ്ങാം .


Comments

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .

15. താരാട്ടുവൃത്തം.