11. സമമഞ്ജരി


വൃത്തവൃത്താന്തം. സര്‍ഗ്ഗം-11. സമമഞ്ജരി
===========================
കാകളിയില്‍നിന്നുണ്ടാകുന്ന മറ്റൊരു വൃത്തമാണ് സമമഞ്ജരി. കാകളിവൃത്തത്തില്‍ മൂന്നക്ഷരത്തില്‍ അഞ്ചുമാത്രവരണമെന്ന് നമ്മള്‍ മനസ്സിലാക്കി . ലഘുക്കള്‍ നീട്ടിപ്പാടാവുന്നതുകൊണ്ട് മൂന്നുമാത്രയോ നാലുമാത്രയോ വന്നാലും അത് നീട്ടിപ്പാടി അഞ്ച് മാത്രയാക്കി കാകളിവൃത്തത്തിലുള്‍പ്പെടുത്താം . എന്നാല്‍ ഗുരു ചുരുക്കിപ്പാടാറില്ലെന്നതുകൊണ്ട് ആറുമാത്രവരുന്ന മഗണം കാകളിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല . കാകളിയില്‍ മഗണം വരുമ്പോള്‍ അത് ശ്ലഥകാകളിയാകും . അതായത് അഞ്ചുമാത്രയേ വരാന്‍ പാടുള്ളൂ എന്ന നിയമം തെറ്റിച്ചുവരുന്നത് ശ്ലഥകാകളി . ശ്ലഥകാകളിയില്‍ രണ്ടാമത്തെ വരിയില്‍ അവസാനത്തെ രണ്ടക്ഷരം കളഞ്ഞാല്‍ അത് മഞ്ജരിവൃത്തമാകുമെന്ന് നമ്മള്‍ മനസ്സിലാക്കി. എന്നാല്‍ ശ്ലഥകാകളിയുടെ രണ്ടുപാദങ്ങളിലും അവസാനത്തെ രണ്ടക്ഷരംവീതം കുറച്ചാല്‍ സമമഞ്ജരിയാകും.
രണ്ടാമത്തെ വരിയില്‍മാത്രം രണ്ടക്ഷരം കുറച്ചാല്‍ മഞ്ജരി.
രണ്ടുവരികളിലും രണ്ടക്ഷരംവീതം കുറച്ചാല്‍ സമമഞ്ജരി.
ആദ്യത്തെ വരിയില്‍ 12 അക്ഷരവും രണ്ടാമത്തെ വരിയില്‍ 10 അക്ഷരവുമാണ് മഞ്ജരിയിലുണ്ടാകുക . എന്നാല്‍ രണ്ടുവരിയിലും പത്തക്ഷരങ്ങള്‍ വരുമ്പോള്‍ സമമഞ്ജരിയാകും. മഞ്ജരിയിലെ രണ്ടുവരിയിലും അക്ഷരങ്ങളുടെ എണ്ണം സമമായിവരുമ്പോള്‍ അത് സമമഞ്ജരി. ഒരുവരിയില്‍ 10 അക്ഷരം വീതമാണ് വേണ്ടത്. ആദ്യത്തെ അക്ഷരം ഗുരുവാകണം. മൂന്നക്ഷരത്തില്‍ അഞ്ച്മാത്രവരുന്ന മൂന്ന് ഗണവും ഒരു ഗുരുവും ചേര്‍ന്ന് 17 മാത്രയാണ് 10 അക്ഷരങ്ങളില്‍ വരുന്നത്. എന്നാല്‍ സര്‍വ്വഗുരുവും വരാമെന്നുള്ളതുകൊണ്ട് ഒരുവരിയില്‍ 20 മാത്രവരെ വരാം.
സമമഞ്ജരി, ഉപമഞ്ജരി, മാവേലി, വടക്കന്‍പാട്ട് എങ്ങിങ്ങനെ പേരുകളിലും ഇതറിയപ്പെടുന്നു.

ഉദാ:1.
മാവേലി / നാടുവാ / ണീടുംകാ / ലം
മാനുഷ / രെല്ലാരു / മൊന്നുപോ /ലെ.
2.
നേരിട്ടു /വെട്ടി മ /രിച്ചതെ /ങ്കില്‍
വീട്ടേയ്ക്കു /നല്ലൊരു /മാനംത /ന്നെ.വീരാളി /പ്പട്ടുവി /താനത്തോ /ടെ
ആര്‍ത്തുവി /ളിച്ചു ഇ /ടുപ്പിക്കേ /ണ്ടു്
3.
കോഴിക്കോ /ട്ടങ്ങാടീ /ക്കപ്പലോ /ടി
കൊച്ചീല /ഴിമുഖം  /തീപിടി /ച്ചു
വെള്ളാര /ങ്കല്ലിനു  /മീശ വ /ന്നു
നൂറുകു /ടത്തില്‍പ്പ /ത്താന വീ /ണു. 
4.
ഈ വക /പെണ്ണുങ്ങള്‍ /ഭൂമീലു /ണ്ടോ
മാനത്തു /നിന്നെങ്ങാന്‍ /പൊട്ടിവീ /ണോ 
5.
നെയ്യപ്പം / തിന്നാല്‍ര/ണ്ടുണ്ടുകാ/ ര്യം
മീശേം മി/നുക്കാം വി/ശപ്പും‍മാ/റ്റാം.
6.
പുത്തൂരം /വീട്ടിൽ ജ/നിച്ചോരെ/ല്ലാം..പൂപോല/ഴകുള്ളൊ/രായിരു/ന്നു..ആണുങ്ങ/ളായി വ/ളർന്നോരെ/ല്ലാം..അങ്കം ജ/യിച്ചവ/രായിരു/ന്നു.. 
7.
പുത്തരി /യങ്കപ്പ /റമ്പിൽ വെ /ച്ചാ 
മുത്തുവി /ളക്കു പൊ /ലിഞ്ഞു പോ /യി..സ്വര്‍ണ്ണച്ചി /റകടി /ച്ചാ വെളി /ച്ചം..സ്വർഗ്ഗത്തി /ലേക്കു തി /രിച്ചു പോ /യി.. 
8.
കള്ളപ്പ /റയും ചെ /റു നാഴി /യും,
കള്ളത്ത /രങ്ങൾ മ /റ്റൊന്നുമി /ല്ല
നല്ലമ /ഴ പെയ്യും /വേണ്ടുംനേ /രം
നല്ലപോ /ലെല്ലാ വി /ളവും ചേ /രും
9.
റ്റും/ണമ്മേലേ /ഉണ്ണിയാര്‍ /ച്ച
ഊണും ക/ഴിഞ്ഞങ്ങു/റക്കമാ/യി 
10.
തച്ചോളി /ഓമന /കുഞ്ഞിച്ച/ന്തു 
വീരാധി/വീരനാം /കുഞ്ഞിച്ച/ന്തു 
തച്ചോളി /ച്ചന്തൂന്റെ /പെണ്ണാണ/ല്ലോ 
താഴ്ത്തു/ഠത്തിലെ /മാതുക്കു/ട്ടി
11.
കുമ്മിയടി പെണ്ണെ കുമ്മിയടി;കുന്തക്കാലിട്ടൊരു കുമ്മിയടി ;നാത്തൂനും വായോ നാട്ടാരും വായോ,നാട്ടിലുള്ളോരു വീട്ടരും വായോ . 
വളരെ എളുപ്പത്തില്‍ കവിതരചിക്കാവുന്ന വൃത്തമാണ്. വരികള്‍ വടക്കന്‍പാട്ടിന്‍റെ ഈണത്തില്‍ ചൊല്ലിനോക്കി എഴുതുകയേ വേണ്ടൂ. നല്ലൊരു കവിതാവാരമാശംസിക്കുന്നു. 



Comments

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .

15. താരാട്ടുവൃത്തം.