12. മാരകാകളി


വൃത്തവൃത്താന്തം. സര്‍ഗ്ഗം-12. മാരകാകളി
=================================
കാകളിയില്‍നിന്ന് അനേകം വൃത്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവയെക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്. കാകളിവൃത്തത്തില്‍ മൂന്നക്ഷരത്തില്‍ അഞ്ചുമാത്രവരണമെന്ന് നമ്മള്‍ മനസ്സിലാക്കി . ലഘുക്കള്‍ നീട്ടിപ്പാടാവുന്നതുകൊണ്ട് മൂന്നുമാത്രയോ നാലുമാത്രയോ വന്നാലും അത് നീട്ടിപ്പാടി അഞ്ച് മാത്രയാക്കി കാകളിവൃത്തത്തിലുള്‍പ്പെടുത്താം . എന്നാല്‍ ഗുരു ചുരുക്കിപ്പാടാറില്ല. അതുകൊണ്ട് ആറുമാത്രവരുന്ന മഗണം (സര്‍വ്വഗുരു) കാകളിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല . കാകളിയില്‍ മഗണം വരുമ്പോള്‍ അത് ശ്ലഥകാകളിയാകും . അതായത് അഞ്ചുമാത്രയേ വരാന്‍ പാടുള്ളൂ എന്ന നിയമം തെറ്റിച്ച് വരുന്നത് ശ്ലഥകാകളി . നമ്മള്‍ പഠിച്ചത് ഒന്നോര്‍ത്തുനോക്കാം.

ശ്ലഥകാകളിയുടെ രണ്ടുപാദത്തിലും അവസാനത്തെ ഒരോ അക്ഷരം കുറഞ്ഞാല്‍ ദ്രുതകാകളി.
ശ്ലഥകാകളിയുടെ രണ്ടുപാദങ്ങളിലും അവസാനത്തെ ഈരണ്ടക്ഷരംവീതം കുറഞ്ഞാല്‍ സമമഞ്ജരി.
ശ്ലഥകാകളിയില്‍ രണ്ടാമത്തെ വരിയില്‍ അവസാനത്തെ രണ്ടക്ഷരം കളഞ്ഞാല്‍ അത് മഞ്ജരി.
കാകളിയില്‍നിന്നുണ്ടാകുന്ന മറ്റൊരു വൃത്തമായ മാരകാകളിയെ നമുക്ക് പരിചയപ്പെടാം. കാകളിയുടെ രണ്ടാം‍പാദത്തില്‍ നാലക്ഷരം കുറച്ചാല്‍ മാരകാകളിയാകും.
ശ്ലഥകാകളിയില്‍ രണ്ടാമത്തെ വരിയില്‍ അവസാനത്തെ രണ്ടക്ഷരം കളഞ്ഞാല്‍ അത് മഞ്ജരിയാകുമല്ലോ. വീണ്ടും രണ്ടക്ഷരംകൂടെ കുറച്ചാല്‍ മാരകാകളിയാകും. അതായത് മഞ്ജരിയില്‍ രണ്ടാം‍പാദത്തില്‍ രണ്ടക്ഷരം കുറച്ചാലും മാരകാകളിയാകും.
ആദ്യത്തെവരിയില്‍ പന്ത്രണ്ടക്ഷരവും രണ്ടാമത്തെ വരിയില്‍ എട്ടക്ഷരവുമാണീവൃത്തത്തില്‍ ഉണ്ടാകുക .

ഉദാ:

  1. പന്ത്രണ്ടു /മക്കളെ/ പെറ്റൊര/മ്മേ നിന്‍റെ
    മക്കളില്‍ / ഞാനാണു/ ഭ്രാന്തന്‍
    .
  2. ആ നിമി/ഷത്തിന്റെ /നിർവൃതി/യിൽ ഞാനൊ-രാവണി/ത്തെന്നലായ്/ മാറി
    .
  3. നക്ഷത്ര/രാജ്യത്തെ /നർത്തന/ശാലയിൽ
    രത്നം പൊ/ഴിയുന്ന /രാത്രി
    .
  4. നഷ്ടസ്വർ/ഗ്ഗങ്ങളെ /നിങ്ങളെ/നിക്കൊരു
    ദുഃഖസിം/ഹാസനം/ നല്കി
    .
  5. നീലനി/ശീഥിനി/ നിന്മണി/മേടയിൽ
    നിദ്രാവി/ഹീനയായ്/ നിന്നൂ
    .
  6. കാട്ടിലെ/ മാനിന്റെ/ തോലുകൊ/ണ്ടുണ്ടാക്കി
    മാരാരു /പണ്ടൊരു /ചെണ്ട
    .
  7. ഞാനറി/യാതെന്റെ/ മാനസ/ജാലക-
    വാതില്‍തു/റക്കുന്നു /നിങ്ങള്‍
  8. വിഷ്ണുമായാസുതനായി ശിവശക്തി-
    യാര്‍ജ്ജിച്ചു ജന്മമെടുത്തു.
    പന്തളരാജന്നു പുത്രനായ്ത്തീരുവാന്‍
    ഭൂമിയില്‍ വന്നുപിറന്നു

  1. മൂല്യമളക്കുവാനാകാത്ത സ്വത്തിന്‍റെ -യേകാധിപന്‍ ഭഗവാനേ
    കാണുന്നതില്ലയോ കാശിന്നുവേണ്ടിയു -ള്ളക്രമം നീ ഭക്തദാസാ .
    വേണോ ധനികന്‍ ദരിദ്രനെന്നുള്ള വി -വേചനം നിന്മുന്നില്‍ സ്വാമീ ?ഊരാളനില്ലാത്ത ക്ഷേത്രമെന്നുള്ളൊരു
    പേരുവേണോ ഭഗവാനേ?

അക്ഷരങ്ങള്‍ എല്ലാം ഗുരുവായാലും വിരോധമില്ല. നീട്ടിപ്പാടാവുന്നവയാണെങ്കില്‍ ലഘുവുമാകാം. അതുകൊണ്ട് ലഘുഗുരുനിയമങ്ങളെക്കുറിച്ച് അധികം ചിന്തിക്കേണ്ട ആവശ്യമില്ല. ആദ്യത്തെ വരിയില്‍ 12 അക്ഷരം, രണ്ടാമത്തെ വരിയില്‍ 8 അക്ഷരം എന്ന നിബന്ധനപാലിച്ചാല്‍ മാരകാകളിവൃത്തത്തില്‍ രചന നടത്താം. ചിലപദങ്ങള്‍ നീട്ടിപ്പാടിയാല്‍ അഭംഗിയുണ്ടാകും . ആലപിക്കുമ്പോള്‍ തടസ്സം തോന്നുന്നുണ്ടെങ്കില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.
.
ധാരാളം കവിതകളും സിനിമാഗാനങ്ങളും ഈ വൃത്തത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്.
അപ്പോള്‍ നമുക്കിനി മാരകാകളിയില്‍ രചന തുടങ്ങാം.


Comments

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .

15. താരാട്ടുവൃത്തം.