14. ഓമനക്കുട്ടന്‍


വൃത്തവൃത്താന്തം. സര്‍ഗ്ഗം-14. ഓമനക്കുട്ടന്‍ (30/04/2019)
==================================================
മഞ്ജരിവൃത്തം നമ്മള്‍ പരിശീലിച്ചതാണല്ലോ. മഞ്ജരിയില്‍നിന്നുണ്ടാകുന്ന ചില വൃത്തങ്ങളും നമ്മള്‍ പരിശീലിച്ചു. മഞ്ജരിയില്‍നിന്നുണ്ടാകുന്ന മറ്റൊരു വൃത്തമാണ് ' ഓമനക്കുട്ടന്‍ ' വൃത്തം. അതിനെക്കുറിച്ചു പഠിക്കുന്നതിനുമുമ്പ് നമുക്ക് കഴിഞ്ഞ ഭാഗങ്ങള്‍ ഒന്ന് ഓടിച്ചുനോക്കാം.
കാകളിവൃത്തത്തില്‍ മൂന്നക്ഷരത്തില്‍ അഞ്ചുമാത്രവരണം. ലഘുക്കള്‍ നീട്ടിപ്പാടാവുന്നതുകൊണ്ട് മൂന്നുമാത്രയോ നാലുമാത്രയോ വന്നാലും അത് നീട്ടിപ്പാടി അഞ്ച് മാത്രയാക്കി കാകളിവൃത്തത്തില്‍ ഉള്‍പ്പെടുത്താം . എന്നാല്‍ ഗുരു ചുരുക്കിപ്പാടാറില്ലെന്നതുകൊണ്ട് ആറുമാത്രവരുന്ന മഗണം കാകളിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല .
കാകളിയില്‍ മഗണം വരുമ്പോള്‍ അത് ശ്ലഥകാകളിയാകും . അതായത് അഞ്ചുമാത്രയേ വരാന്‍ പാടുള്ളൂ എന്ന നിയമം തെറ്റിച്ച് വരുന്നത് ശ്ലഥകാകളി .
ശ്ലഥകാകളിയുടെ രണ്ടുപാദത്തിനും അവസാനത്തെ ഒരക്ഷരം കുറഞ്ഞാല്‍ ദ്രുതകാകളിയാകും
ശ്ലഥകാകളിയില്‍ രണ്ടാമത്തെ വരിയില്‍ അവസാനത്തെ രണ്ടക്ഷരം കളഞ്ഞാല്‍ അത് മഞ്ജരിവൃത്തമാകും . ആദ്യത്തെ വരിയില്‍ 12 അക്ഷരവും രണ്ടാമത്തെ വരിയില്‍ 10 അക്ഷരവുമാണ് മഞ്ജരിയിലുണ്ടാകുക .
ഇനി ഓമനക്കുട്ടന്‍ എന്ന വൃത്തത്തിന്‍റെ പ്രത്യേകതയെന്താനെന്നു നോക്കാം.
താരാട്ടുപാട്ടിനായി ഉപയോഗിക്കുന്ന ഒരു വൃത്തമാണിത്. മഞ്ജരിവൃത്തം നമ്മള്‍ പഠിച്ചുകഴിഞ്ഞതാണല്ലോ. അതിന്‍റെ താളം വരുന്നതിങ്ങനെയാണ്. 
ലാലാല /ലാലാല / ലാലാല/ ലാലാല
ലാലാല /ലാലാല / ലാലാല/ ലാ

ഇതില്‍ രണ്ടുവരികളിലും രണ്ടാമത്തെയും നാലാമത്തെയും ഗണങ്ങളില്‍  ഓരോ അക്ഷരം കുറച്ചാല്‍ അത് ഓമനക്കുട്ടന്‍ വൃത്തമാകും. 

ലാലാല /ലാലാ() / ലാലാല/ ലാലാ()
ലാലാല /ലാലാ()/ ലാലാല/ (ലാ) 
ഇങ്ങനെ ഓരോ അക്ഷരം കുറയ്ക്കുമ്പോള്‍  അതിന്‍റെ താളം ഇങ്ങനെ വരുന്നു. 

ലാലാല /ലാലാ / ലാലാല/ ലാലാ
ലാലാല /ലാലാ / ലാലാല/ 

അതിന്‍റെ ലക്ഷണം പറയുന്നതിങ്ങനെ:

മഞ്ജരിക്കിരുപാദത്തില്‍ രണ്ടും നാലും ഗണങ്ങളിൽ
വർണ്ണമോരോന്നൊഴിഞ്ഞെന്നാലോമനക്കുട്ടനായിടും.

ആദ്യവരിയില്‍ മൂന്ന് / രണ്ട് /മൂന്ന് /രണ്ട് 
രണ്ടാംവരിയില്‍ മൂന്ന് /രണ്ട് /മൂന്ന്
എന്നിങ്ങനെ വര്‍ണ്ണങ്ങള്‍ വരുന്നു. ഓരോ ഗണത്തിലും ആദ്യത്തെ വര്‍ണ്ണവും മറ്റൊരു വര്‍ണ്ണവും ഗുരുവാകണം.  എല്ലാം ഗുരുവായാലും വിരോധമില്ല.
ഉദാ: 1
വായനപ്പുര തന്നിലെത്തുന്ന 
സാഹിത്യാരാധകന്മാരേ
വൃത്തവൃത്താന്തം സ്വീകരിക്കുക
വൃത്തിയായ് കാവ്യമോതുക. 
വായന / പ്പുര /തന്നിലെ /ത്തുന്ന 
സാഹിത്യാ / രാധ / കന്മാരേ
വൃത്തവൃ /ത്താന്തം /സ്വീകരി /ക്കുക
വൃത്തിയായ് / കാവ്യ/മോതുക. 
ഉദാ: 2
കേള്‍വികേട്ടതാം  വായനപ്പുര
വാണീക്ഷേത്രത്തില്‍ എത്തുവോര്‍ 
ഭാഷയെ, സാഹിത്യത്തിനെ നിത്യം
വാനോളമുയര്‍ത്തീടുന്നു. 
കേള്‍വികേ /ട്ടതാം  /വായന /പ്പുര
വാണീക്ഷേ /ത്രത്തില്‍ /എത്തുവോര്‍ 
ഭാഷയെ, / സാഹി /ത്യത്തിനെ / നിത്യം
വാനോള /മുയര്‍ /ത്തീടുന്നു. 
ഉദാ: 3
പെട്ടിയിലായി വോട്ടെന്നാല്‍ നെഞ്ചില്‍
തീയുമായ് വാഴും നേതാക്കള്‍ 
നിദ്രയുമൂണുമില്ലാതെയെത്ര
നാളുകള്‍ തള്ളിനീക്കണം. 
പെട്ടിയി / ലായി /വോട്ടെന്നാല്‍ / നെഞ്ചില്‍
തീയുമായ് / വാഴും /നേതാക്കള്‍ 
നിദ്രയു / മൂണു /മില്ലാതെ /യെത്ര
നാളുകള്‍ / തള്ളി /നീക്കണം. 

ഈ വൃത്തത്തിലെ പ്രസിദ്ധമായ ഗാനം ഇതാ:
ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബല-
രാമനെ കൂടെ കൂടാതെ
കാമിനി മണിയമ്മതന്നങ്ക-
സീമനി ചെന്നു കേറിനാല്‍
അമ്മയുമ്മപ്പോള്‍ മാറോടണച്ചി-
ട്ടുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞകൊടുത്താനന്ദിപ്പിച്ചു
ചിന്മയന്‍ അപ്പോളോതിനാന്‍
ഒപ്പത്തിലുള്ള കുട്ടികളൊരു
മുപ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരായ് വനത്തില്‍ മേളിപ്പാ-
നിപ്പോള്‍ ഞാമ്മേ പോകട്ടേ?അയ്യോയെന്നുണ്ണി പോകല്ലേയിപ്പോള്‍
തീയു പോലുള്ള വെയ്‍ലല്ലേ!


ഇനി ഓമനക്കുട്ടന്‍ വൃത്തത്തില്‍ കവിതരചന തുടങ്ങാം.
എല്ലാവര്‍ക്കും നന്മനേരുന്നു.

Comments

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .

15. താരാട്ടുവൃത്തം.