16. മാദ്ധ്വിവൃത്തം.


വൃത്തവൃത്താന്തം. സര്‍ഗ്ഗം-16. മാദ്ധ്വിവൃത്തം. (14.05.2019)
==================================================
കാകളിഛന്ദസ്സില്‍പ്പെട്ട മറ്റൊരു വൃത്തമാണ് മാദ്ധ്വി അല്ലെങ്കില്‍ അതിമാവേലി. അതിലേക്കെത്തുന്നതിനുമുമ്പ് നമുക്ക് പഴയ പാഠങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്.
1. കാകളിവൃത്തത്തില്‍ മൂന്നക്ഷരത്തില്‍ അഞ്ചുമാത്രവരണം. ലഘുക്കള്‍ നീട്ടിപ്പാടാവുന്നതുകൊണ്ട് മൂന്നുമാത്രയോ നാലുമാത്രയോ വന്നാലും അത് നീട്ടിപ്പാടി അഞ്ച് മാത്രയാക്കി കാകളിവൃത്തത്തില്‍ ഉള്‍പ്പെടുത്താം . എന്നാല്‍ ഗുരു ചുരുക്കിപ്പാടാറില്ലെന്നതുകൊണ്ട് ആറുമാത്രവരുന്ന മഗണം കാകളിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല .
2. കാകളിയില്‍ മഗണം വരുമ്പോള്‍ അത് ശ്ലഥകാകളിയാകും . അതായത് അഞ്ചുമാത്രയേ വരാന്‍ പാടുള്ളൂ എന്ന നിയമം തെറ്റിച്ച് വരുന്നത് ശ്ലഥകാകളി .

3.
ശ്ലഥകാകളിയില്‍ രണ്ടാമത്തെ വരിയില്‍ അവസാനത്തെ രണ്ടക്ഷരം കളഞ്ഞാല്‍ അത് മഞ്ജരിവൃത്തമാകും
.

4.
മഞ്ജരിയുടെ രണ്ടാമത്തെ വരിപോലെത്തന്നെ ആദ്യത്തെ വരിയും വന്നാല്‍ മാവേലിവൃത്തം
. ഒരുവരിയില്‍ 10 അക്ഷരം വീതമാണ് വേണ്ടത്. ആദ്യത്തെ അക്ഷരം ഗുരുവാകണം. മാവേലിവൃത്തത്തിന്റെ രണ്ടുപാദത്തിലുമുള്ള ആദ്യക്ഷരമായ ഗുരുവിനെ രണ്ടു ലഘുക്കളാക്കിയാല്‍ അതിമാവേലി അല്ലെങ്കില്‍ മാദ്ധ്വി എന്ന വൃത്തമാവും. മാവേലിവൃത്തത്തിന്‍റെ ആദ്യത്തെ അക്ഷരം ഗുരുവാകണം. എന്നാല്‍ ഈ ഗുരുവിനുപകരം രണ്ടു ലഘുവന്നാല്‍ അതിമാവേലി അഥവാ മാദ്ധ്വിവൃത്തം ആകും.

മാവേലിയുടെ താളം :
ലാലാല ലാലാല ലാലലാ ലാ
ലാലാല ലാലാല ലാലലാ ലാ

അതിമാവേലിയുടെ താളം :

ലലലാല ലാലാല ലാലലാ ലാ
ലലലാല ലാലാല ലാലലാ ലാ


ഉദാ :
അതിമാവേലിവൃത്തതാളമെല്ലാം
അതിവേഗം ചൊല്ലിപ്പഠിക്കണം നാം.

ഉദാ :
മലയാളഭാഷയ്ക്കു ഭൂഷണമായ്
മമ വായനപ്പുര വാണിടട്ടേ.

ഉദാ :
നലമെഴുമെന്‍ വായനപ്പുരതന്‍
മഹിതമാം സ്ഥാനം തുടര്‍ന്നിടട്ടേ!

ഉദാ:
നരനായി ഭൂവില്‍ പിറന്ന നമ്മള്‍
നരനായി ജീവിതം തീര്‍ത്തിടേണം.
മൃഗമായി ഭൂവില്‍ വസിച്ചിടൊല്ലാ
ഋജുമാര്‍ഗ്ഗംതന്നില്‍ ചരിച്ചിടേണം.

ഉദാ:
മനനംകൊണ്ടെല്ലാം മനസ്സിലാക്കി
മനുജനായ് മന്നില്‍ വളര്‍ന്നിടേണം
കരളില്‍ വിവേകം കൂടാതെ നമ്മള്‍
നിമിഷാര്‍ദ്ധം‍പോലും കളഞ്ഞിടൊല്ലാ.

ഉദാ:
ഇരുളില്‍ വഴികാണാതെയലയും
മനുജന്‍റെയുള്ളില്‍ പ്രകാശമേകും
ഗുരുനാഥന്‍ ചൊല്ലിത്തരുന്നതെല്ലാ -
മതുപോലെത്തന്നെ പഠിച്ചിടേണം.

മാദ്ധ്വിവൃത്തം മനസ്സിലാക്കാന്‍ അത്ര ബുദ്ധിമുട്ടുള്ളതൊന്നുമല്ല എന്നു മനസ്സിലായല്ലോ . ഇനി ഈ വൃത്തത്തില്‍ രചന തുടങ്ങാമല്ലോ.
എല്ലാവര്‍ക്കും നന്മകള്‍.








Comments

Post a Comment

Popular posts from this blog

സര്‍ഗ്ഗം-6.വൃത്തം, കാകളി

സര്‍ഗ്ഗം-7.കളകാഞ്ചി .

15. താരാട്ടുവൃത്തം.